Saturday, December 22, 2012

കര്‍മ്മയോദ്ധാ - മാതാപിതാക്കളും പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട ഒരു മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം

കൂട്ടബലാല്‍ക്കാരങ്ങളും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൂടുന്ന ഈ കാലത്തില്‍ ഇങ്ങനെഒരു സിനിമ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു വയസ്സിനും ഇരുപത്തഞ്ചു വയസ്സിനും ഇടയില്‍ പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക് മനസ്സില്‍ എന്നും തീയാണ്. അതിനു കാരണം നമ്മുടെ സമൂഹവും ഭരണകൂടങ്ങളും. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേര് പറഞ്ഞു എന്തുമാകാം എന്ന അഹങ്കാരം ഇവര്‍ക്ക് വേണ്ടതില്‍ കൂടുതലുണ്ട്. ഇന്ത്യയുടെ തലസ്ഥാനത്തും കേരളത്തിലും സ്ത്രീകള്‍ പ്രത്യോകിച്ചു രാത്രിയില്‍ സുരക്ഷിതരാണോ? സ്വയം ചിന്തിക്കുക.

 മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വാഴുന്ന ഡല്‍ഹിയിലെ സ്ഥിതി വളരെ ദയനീയവും. സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി മാനഭംഗം ചെയ്തു അവരെ ദയനീയമായി പിച്ചി ചീന്തുന്ന രീതി രാക്ഷസന്മാര്‍ പോലും ചെയ്തു കാണില്ല. ഇവരെയൊക്കെ തടയാന്‍ ഭരണകൂടമോ ഇല്ലാത്ത അവസ്ഥയില്‍ 'മാഡി' പോലെയുള്ള പോലീസുകാര്‍ ഉണ്ടാകണം. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ഒരുകൂട്ടം കാമ ഭ്രാന്തന്മാരുടെയും തീവ്രവാദികളുടേയും കയ്യില്‍ ആണെന്നു പറഞ്ഞാല്‍ തെറ്റില്ല.

ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്ഥിതി വഷളായി കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഗെയിറ്റിലും മുഖ്യമന്ത്രിയുടെ വസതിക്കു മുന്‍പിലും ആളുകള്‍ നീതിക്കായി സമരം ചെയ്യുകയാണ്. ഈ അവസ്ഥയില്‍ ഈ സിനിമയുടെ സാമൂഹ്യ പ്രാധാന്യം തള്ളിക്കളയാന്‍ ആവില്ല.

മോഹന്‍ലാലിന്‍റെ അഭിനയം ഒരു ശക്തനായ പോലീസ് ഓഫീസര്‍ പിന്നെ തട്ടിക്കൊണ്ടുപോകപ്പെട്ട പെങ്കുട്ടിയുടെ അച്ഛന്‍ എന്നീ വ്യത്യസ്ത തലങ്ങളില്‍ വളരെ ഗംഭീരം.

Friday, September 14, 2012

പെട്രോള്‍ ഡീസല്‍ ഗ്യാസ് അഴിമതി - ചില അരാഷ്ട്രീയ ചിന്തകള്‍

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇടതടവില്ലാതെ നാം കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവും അഴിമതിയും. ഇടതോ വലതോ കാങ്കിരസ്സോ അല്ല ഇവിടെ പ്രശ്നം. ഇതെങ്ങോട്ട് ആണ് നമ്മെ നയിക്കുന്നത് എന്നാണു.

ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജീവിത ചെലവു ഇന്ത്യയിലാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉപ്പും മുളകും തുടങ്ങി പച്ചക്കറി പലവ്യഞ്ജനം തുടങ്ങിയെല്ലാറ്റിനും വില കൂടി. ഇതിനെല്ലാം പിന്നില്‍ ഇന്ധന വിലയും അഴിമതിയും ആണ്. ഇതിനു ഉത്തരവാദി പൊതു ജനം തന്നെയാണ്. ജാതിയോ മതമോ നോക്കാതെ ആര് നല്ല ജീവിത നിലവാരം തരുന്നുവോ അവര്‍ക്ക് വേണം വോട്ട് കൊടുക്കാന്‍. എന്നാല്‍ അതുണ്ടാകുന്നില്ല ഇന്ത്യയില്‍. അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ സമരങ്ങള്‍ ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അഴിമതിക്കഥകള്‍ കൊണ്ട് വന്നു. എന്നാല്‍ അവരെ കൊണ്ട് അത് മാറ്റുവാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഓരോ നിയോജകമണ്ടലത്തിലും അഴിമതിക്കറ തീണ്ടിയവനെ ജയിപ്പിക്കാന്‍ പാടില്ല. എന്നാല്‍ വോട്ട് ആകുമ്പോഴേക്കും ജാതിയും മതവും ആണ് പ്രധാന വിഷയം. വിലക്കയറ്റവും അഴിമതിയും ഇതിനിടയില്‍ മുങ്ങിപ്പോകും.
ഇന്ത്യയില്‍ ഇനി വരേണ്ടത് ഒരു നല്ല ധൈര്യമുള്ള സംസാരിക്കുന്ന പ്രധാനമന്ത്രിയാണ്. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് വെളിനാട്ടില്‍ നല്ല മതിപ്പ് ഉണ്ടാകണം അല്ലെങ്കില്‍ പേടി ഉണ്ടാകണം. വെളിനാട് പോലെ നമ്മുടെ നാട്ടിലെ അഴിമതി വീരന്മാര്‍ക്കും ആ പേടി വേണം. ഏതൊരു ടീമിന്റെയും വിജയത്തിന് പിന്നില്‍ നല്ലൊരു നേതാവ് ഉണ്ടാകും. അതാണ്‌ ഇപ്പൊ നമുക്ക് നഷ്ടമായിരിക്കുന്നത്.
ഇനി വിഷയത്തിലേക്ക് വരാം. കിട്ടുന്ന ശമ്പളം കൊണ്ട് ബസ്സില്‍ പോകാന്‍ പോലും കാശ് തികയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അപ്പോഴാണ്‌ ഈ ഗവര്‍മെന്റ് എല്ലാ മാസവും അഞ്ചു രൂപ  വിലകൂട്ടി  പത്തു  പൈസ കുറയ്ക്കുന്നത്. അത് പോലെ ഇപ്പോഴുണ്ടായ ഡീസല്‍ വില വര്‍ധന വിലക്കയറ്റം ഉണ്ടാകാന്‍ വഴി തെളിയിക്കും.
അഞ്ചു പേരുള്ള ഒരു ചെറിയ കുടുംബത്തിനു ഒരു സിലിണ്ടെര്‍ ഗ്യാസ് ഒരു മാസത്തേക്ക് തികയാതെ വരുമ്പോഴാണ് ആറു എന്ന് ചുരുക്കിയിരിക്കുന്നത്. ബാക്കി ആറു മാസം സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിപ്പിക്കാനയിരിക്കും മാഡത്തിന്റെ ഐഡിയ. എന്നാല്‍ ആ കമ്മിഷനും ഇറ്റലിയിലേക്ക് കെട്ടിയെടുക്കാമല്ലോ?
ആരു പ്രധാനമന്ത്രിയാവണം എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. നിങ്ങളുടെ അഭിപ്രായത്തില്‍ ആരു പ്രധാനമന്ത്രിയാവണം എന്നത് കമ്മന്റു രൂപത്തില്‍ പോസ്റ്റ്‌ ചെയ്യുക..

Sunday, September 9, 2012

ഇന്റര്‍നെറ്റ്‌ സിനിമ തീയറ്റര്‍


സിനിമ കാണുക എന്നത് ഏതൊരു പൌരന്റെയും അവകാശമാണ്, അതുപോലെ അത് കാണിക്കുക എന്നത് സിനിമ പ്രവര്‍ത്തകരുടെയും. ഇവിടെയാണ്‌ ഇപ്പോള്‍ പ്രശ്നം അതെവിടെ കാണിക്കണം, എങ്ങനെ കാണിക്കണം എന്നൊക്കെ. കേരളത്തില്‍ സ്ഥിര താമസമില്ലാത്ത പ്രവാസിക്കും സിനിമ കാണണം. തീയറ്ററില്‍ കാണുക തന്നെയെന്നത് ഉചിതം. എന്നാല്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ക്ക് അതിനുള്ള  സൗകര്യം കുറവ് തന്നെ.

വ്യാജ സിഡിയും ഇന്റര്‍നെറ്റ്‌ കാഴ്ചയുമൊക്കെ സിനിമ വ്യവസായത്തെ ബാധിക്കുന്നുണ്ടെങ്കിലും അതിന്റെ ഉത്തരവാദികള്‍ സിനിമ പ്രവര്‍ത്തകര്‍ തന്നെയാണ്. വിശ്വസിച്ചു ഒരു മലയാള സിനിമ കാണുക എന്നത് ഒരു വിഷമം പിടിച്ച കാര്യമാണ്. പണം പോകുന്നത് മാത്രമല്ല സമയ നഷ്ടവും. നല്ല പടം പിടിച്ചു, നല്ല രീതിയില്‍ നല്ല തീയറ്ററുകളില്‍ റിലീസ് ചെയ്താല്‍ ആളുകള്‍ കൂട്ടത്തോടെ പോയി കാണും.

മറ്റു ഇന്റര്‍നെറ്റ്‌ വിശ്വാസികള്‍ പറയുന്ന പോലെ, "പണം കൊടുത്തു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വാങ്ങി അതില്‍ എന്ത് കാണണം കാണണ്ട എന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ്. അത് പറ്റില്ലെങ്കില്‍ അത് അപ്‌ലോഡ്‌ ചെയ്തവനെ പിടിക്കണം. അല്ലെങ്കില്‍ അത് നീക്കം ചെയ്യാന്‍ സര്‍ക്കാരിനു കഴിയണം. അതല്ലാതെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന രീതി നല്ലതല്ല. സിനിമാക്കാര്‍ക്ക് ആയിരം സംഘടന എന്ന പോലെ മലയാളി സിനിമ പ്രേക്ഷകര്‍ ഒരു സംഘടന ഉണ്ടാക്കിയാല്‍ മലയാള സിനിമാക്കാരുടെ അഹങ്കാരം തീരും. ആരും ഒരു പുതിയ പടവും കാണുകയില്ല."

തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് സിനിമകള്‍ ഓടുന്നത് അവയുടെ മികച്ച നിലവാരമാണ്, അത് പോലെ മലയാള സിനിമ നിലവാരവും ഉയരണം. ഈ സിനിമകള്‍ മറ്റു ഭാഷകളില്‍ മൊഴിമാറ്റം നടത്തി പണം സമ്പാദിക്കണം(കാലാപാനി, പഴശ്ശിരാജാ, ഉറുമി തുടങ്ങിയ ഉദാഹരണങ്ങള്‍ ).

പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ്‌ പ്രേക്ഷകര്‍ക്കും വേണ്ടി ഒരു ഓണ്‍ലൈന്‍ സിനിമ തീയറ്റര്‍ ഉണ്ടാക്കുന്ന കാര്യം സര്‍ക്കാരോ, സിനിമ സംഘടനകളോ ചിന്തിക്കണം. കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സ്ട്രീം സൗകര്യം പടം റിലീസ് ചെയ്തു രണ്ടു ആഴ്ച കഴിഞ്ഞു ലോക മലയാളികള്‍ക്കായി ചെയ്തുകൊടുക്കണം. അങ്ങിനെയായാല്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.കുറഞ്ഞത്‌ ഇരുപതു രൂപയെങ്കിലും ഒരു പടത്തിനു ചാര്‍ജ് ചെയ്യാം. സൂപ്പര്‍ഹിറ്റ്‌ പടമായാല്‍ തുക കുറച്ചു കൂട്ടാം. ഇതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുക...

നല്ലൊരു മലയാള സിനിമ ഭാവിക്കായി നമുക്ക് കൂട്ടത്തോടെ പടം കാണാം !!!

Sunday, August 19, 2012

റോക്കീ മൌന്റൈന്‍ കോളോറാഡോ ട്രിപ്പ്‌...

Rockey Mountain Entrance..

ഓഗസ്റ്റ്‌ മാസത്തിലെ ഒരു തെളിഞ്ഞ പ്രഭാതം. രാവിലെ ചായ കുടിച്ചു ഓണ്‍ലൈനില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ ഒരു കാള്‍. ലോങ്ങ്‌മോണ്ട് എന്നാ സ്ഥലത്ത് നിന്നാണ്. എന്റെ പഴയ സഹ പ്രവര്‍ത്തകന്‍ വെങ്കി പറഞ്ഞു "നമുക്ക് മൌണ്ട് റഷ് മോര്‍ വരെ പോയിട്ട് വരാം."  കൂട്ടത്തില്‍ അയാളുടെ സഹ പ്രവര്‍ത്തകനും കൂടി.


വേഗം കുളിച്ചു റെഡിയായി അവരെയും കാത്തിരുന്നു. അവര്‍ ഹോട്ടലില്‍ വന്നതും സമയം പന്ത്രണ്ടു മണി. ഏതായാലും മൌണ്ട് റഷ് മോര്‍ പോകാന്‍ സമയം കാണില്ല. ഏകദേശം ആറു മണിക്കൂര്‍ ഡ്രൈവ്. എന്നാല്‍ പിന്നെ എവിടെ പോകണം എന്ന ചര്‍ച്ച അവസാനിച്ചത്‌ അടുത്തുള്ള   റോക്കീ മൌന്റൈന്‍. മുന്‍പും അവിടെ പോയിട്ടുണ്ട് എന്നാല്‍ അന്ന് കുറച്ചു സ്നോ ഉണ്ടായിരുന്നു. ഏതായാലും യാത്ര അവിടേക്ക് എന്ന് തീരുമാനിച്ചു. ജീ പീ എസ്സില്‍ റോക്കീ മൌന്റൈന്‍ അഡ്രസ്‌ ടൈപ്പ് ചെയ്തു റെഡിയാക്കി. ഇനി എല്ലാ വളവും തിരുവും അവള്‍ പറഞ്ഞു തരുമല്ലോ!!!
Watching Rockey Mountain from Rock top

യാത്ര തുടര്‍ന്നു. തെളിഞ്ഞ അന്തരീക്ഷം. സ്പീട് ലിമിറ്റുകള്‍ ഒന്നും തെറ്റിക്കാതെ കാര്‍ ഓടികൊണ്ടിരുന്നു. എവിടെയെങ്കിലും സ്പീഡ് ലിമിറ്റ് തെറ്റി എങ്കില്‍ പിന്നില്‍ വിളക്കുകള്‍ കത്തിച്ചു അവന്‍ വരും. അതെ കോപ്പു !!!. എന്നാല്‍ ഇവിടത്തെ പോലീസ്. ഏതായാലും ഒരു കോപ്പിന്റെയും കണ്ണില്‍പ്പെടാതെ കാര്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
Tundra Flower

വര്‍ഷത്തില്‍ ഭൂരിഭാഗവും മഞ്ഞു കൊണ്ട് മൂടപ്പെട്ടു കിടക്കുന്ന ഈ മലയുടെ മുകളില്‍ വലിയ മരങ്ങള്‍ ഒന്നും തന്നെയില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ഈ മല പ്രകൃതി ഭംഗികൊണ്ടു മനോഹരമാണ്.ഏതു ഭാഗത്ത്‌ നോക്കിയാലും വേറെ വേറെ മനോഹാരിത. നമ്മുടെ കവികള്‍ ഇവിടെയൊക്കെ വന്നിരുന്നെങ്കില്‍ കവിതയുടെ ഒരു പ്രവാഹം തന്നെയുണ്ടാകുമായിരുന്നു.

Bighorn
ഏകദേശം ഒരു മണിയായപ്പോള്‍ ഒന്നാമത്തെ വ്യൂ പോയന്റില്‍ കാര്‍ നിര്‍ത്തി മറ്റു മലകളെ നോക്കി കൂട്ടത്തില്‍ അവയുടെ മനോഹാരിത ക്യാമറയില്‍ ഒപ്പിയെടുത്തു. വീണ്ടും മുന്നോട്ട്. അടുത്ത വ്യൂ പോയന്റു കുറച്ചു തിരക്ക് കൂടിയതും വിശാലവുമാണ്‌. ഇത്ര തിരക്കിലും ഞങ്ങള്‍ക്ക് പാര്‍ക്കിങ്ങിനു സ്ഥലം കിട്ടിയത് ആശ്വാസമായി. അവിടേ നിന്നും കുറച്ചു മല കയറിയാല്‍ മുകളിലെത്താം. പോകുന്ന വഴിയില്‍ എല്ലാം,  ഈ മല രൂപപ്പെട്ടതും അവിടേയുള്ള സസ്യ മൃഗാദികളെ കുറിച്ചുള്ള വിവരണങ്ങള്‍. അവിടെ എഴുതിയ ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സില്‍ നിന്ന് പോകുന്നില്ല. തുന്ദ്ര എന്ന ഒരിനം പൂവ് നശിച്ചു പോയി കൊണ്ടിരിക്കുന്നു എന്നും അതിനാല്‍ നടപ്പാത ഒഴികെയുള്ള സ്ഥലങ്ങളില്‍ കാല്‍ വച്ച് അത് നശിപ്പിക്കരുതേ എന്നും വളരെ വിനീത മായി എഴുതിയിരിക്കുന്നു.

അവിടെയുള്ള കല്ലുകളില്‍ കയറി ഫോട്ടോ എടുക്കുന്നതെല്ലാം ഒരു രസം തന്നെ. എന്നാല്‍ അത്രയ്ക്ക് അപകടവും. ഞങ്ങളുടെ മുന്‍പില്‍ വച്ച് ഒരു കുട്ടി കല്ലുകളി നിന്ന് തെന്നി വീണു. ഭാഗ്യത്തിന് കുറച്ചു പോറലുകളെ വന്നുള്ളൂ.

പിന്നെയും അവിടേ നിന്ന് ഗ്രാന്‍ഡ്‌ തടാകത്തിലേക്ക് യാത്രയായി. മലയടിവാരത്തിലുള്ള ഗ്രാന്‍ഡ്‌ തടാകം വളരെ സുന്ദരമാണ്. ആളുകള്‍ ബോട്ടിങ്ങും കയാക്കിങ്ങും മറ്റും ചെയ്യുന്നത് കാണാം.
Animals crossing roads

റോക്കീ മൌന്റൈന്‍ കയറി ഇറങ്ങിയിട്ട് വേണം തിരിച്ചു പോകാന്‍. പകല്‍ കണ്ട റോക്കീ മൌന്റൈന്‍ വൈകുന്നേരം അതിലേറെ സുന്ദരിയായിരിക്കുന്നു. പകല്‍ ഡ്യൂട്ടി കഴിഞ്ഞു സൂര്യന്‍ പോകാന്‍ തുടങ്ങിയിരിക്കുന്നു. വന്യ ജീവികള്‍ സഞ്ചാരം തുടങ്ങി. റോഡില്‍ പലയിടങ്ങളിലായി അവര്‍ ക്രോസ് ചെയ്യുമ്പോള്‍ സെക്യൂരിറ്റി \ പോലീസുകാര്‍ അവയ്ക്ക് പോകാന്‍ വാഹനങ്ങള്‍ തടയും. ഒരു തരത്തിലും അവരുടെ സ്വൈര വിഹാരം തടസ്സപ്പെടുത്താതെയുള്ള ക്രമീകരണങ്ങള്‍. എല്ലാ തരത്തിലും വളരെ ആനന്തകരമായ യാത്ര കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു യാത്രയായി...

Rockey Mountain Sunset

Saturday, April 21, 2012

ഇഴഞ്ഞു നീങ്ങുന്ന 'കോബ്ര'


സിനിമയ്ക്ക് പേരിടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഒരു പേരിട്ടാലോ അതിനെ ന്യായീകരിച്ചു കഥ എഴുതുകയും എളുപ്പമല്ല. ഇതാണ് 'കോബ്ര' എന്നാ മലയാള സിനിമയുടെ വിജയവും. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ കഥയെഴുതി സംവിധാനം ചെയ്തു ജനങ്ങളുടെ കയ്യടി നേടിയിരിക്കുകയാണ് നമ്മുടെ ലാല്‍.

മലയാളത്തില്‍ ബ്രദര്‍ എന്നാല്‍ ഇംഗ്ലീഷില്‍ സഹോദരന്‍. അപ്പൊ കോ-ബ്രദര്‍ എന്നാല്‍ സഹോദരിമാരെ കല്യാണം കഴിക്കുന്നവര്‍. കല്യാണം കഴിക്കുന്നതിനു മുന്‍പേ കോ-ബ്രദര്‍ ആയവരാണ്‌ 'രാജ' യും 'കരി' യും. അവരുടെ ബോഡി ഗാര്‍ഡ്സ് ആണ് 'ഗോബ്രാ' ഗോപാലനും ബ്രാലനും.
ഒന്നാം പകുതിയില്‍ പൊട്ടിച്ചിരിയുടെ പൂമാലയുമായി വേഗത്തില്‍ ഇഴഞ്ഞു നീങ്ങിയ 'കോബ്ര' രണ്ടാം പകുതിയില്‍ സ്വല്പം ഇഴഞ്ഞു നീങ്ങിയോ എന്നൊരു തോന്നല്‍. സലിംകുമാറിന്റെ ഗോപാലന്‍ പറയുന്ന ജന്മപുരാണം കേട്ട് ചിരിച്ചു മണ്ണ് കപ്പിയാല്‍ അത്ഭുതമില്ല. ഇതൊരു മമ്മൂട്ടി ചിത്രം എന്ന് പറയുന്നതിനേക്കാള്‍ ഒരു ലാല്‍ ചിത്രം എന്ന് പറയുന്നതാവും ശരി.

ജഗതിയുടെ വീല്‍ ചെയറില്‍ ഇരുന്ന കഥാപാത്രം നമ്മെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. മമ്മൂട്ടിയും ലാലും തകര്‍ത്തു അഭിനയിച്ചിരിക്കുന്നു. കൂടെ ലാലു അലക്സിന്റെ അമ്മായി അച്ഛന്‍ റോളും. എന്തിനോ കേറി വന്ന നായികമാരായി കനിഹയും പദ്മപ്രിയയും. ചുരുക്കത്തില്‍ കോബ്ര ഒരു കോമഡി ഹിറ്റ്‌.

Friday, March 23, 2012

ജാതിമത ശക്തികള്‍ കേരളം കീഴടക്കുമ്പോള്‍

മതേതരത്വം എന്ന വാക്കിനെ മാറ്റി മതരത്വം എന്നാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ ഭരിക്കുന്ന എല്ലാ മുന്നണികളും അവകാശപ്പെടുന്ന ഒരു കാര്യമാണ് തങ്ങളുടെ മുന്നണി മതേതരത്വ മുന്നണി ആണെന്ന്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മതജാതി മുന്നണികള്‍ ആണ് ഭരിക്കുന്നത്‌. ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതിയും മതവും തിരിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ നടത്തുന്നത്. ഉദാഹരണത്തിന് ഈ കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പ് തന്നെ നോക്കാം. ഒരു മത വിഭാഗം കൂടുതലോ അല്ലെങ്കില്‍ കൂടുതല്‍ സംഘടിതമോ ആയ ആ മണ്ഡലത്തില്‍ അതെ മത വിഭാഗത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന ഒരു രീതിയാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇങ്ങനെ നോക്കുമ്പോള്‍ കേരളവും ഉത്തര്‍പ്രദേശും ഹരിയാനയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളം സെകുലര്‍ സ്റ്റേറ്റ് എന്ന് പറയാനാകുമോ എന്നാണ് സംശയം. ?

ജാതീയമായി തിരിച്ചു ഭൂരിപക്ഷ മത വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ ഇരു മുന്നണികളുടെ ശ്രമവും അതെ പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഓരോ പ്രത്യോക പാര്‍ട്ടികളുടെ കൂടെ നിന്നതും ഈ ധ്രുവീകരണത്തിന് കാരണമായി. ഇത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. ഈ വേര്‍തിരിവ് കൊണ്ട് ദുരിതം അനുഭവിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ മതത്തിലെ ജാതീയ ശക്തിയല്ലാതെ സവര്‍ണ അവര്‍ണ ജാതിക്കാര്‍ ആണ്. ഇതിങ്ങനെ നീണ്ടു പോയാല്‍ ഈ പറഞ്ഞ സവര്‍ണ അവര്‍ണര്‍ ചേര്‍ന്ന് ഒരു ശക്തിയായാല്‍ കൂടെ അത്ഭുതപ്പെടെണ്ടതില്ല.

ഈ മതജാതി ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഈ ജാതി മത സമവാക്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ പരിപാടികള്‍ ചിട്ടപ്പെടുത്തുന്നു. തങ്ങളുടെ ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ ഇതു വിഭാഗത്തില്‍പ്പെടുന്നു എന്ന് തുടങ്ങിയ കണ്ടെത്തലുകള്‍ നടത്തി ആ മത ജാതി വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് സ്റ്റാര്‍ സിങ്ങര്‍ അവാര്‍ഡുകള്‍ പോലെയുള്ളവ നല്‍കപ്പെടുന്നു. പ്രേക്ഷകരെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ സ്പെഷ്യല്‍ ഉത്സവവും കുര്‍ബാനയും വരെ നടത്തുന്നതായി കേള്‍ക്കുന്നു.

Friday, February 10, 2012

യുവരാജ് സിങ്ങിനും അറം പറ്റിയോ?

കാവ്യ കലാ സൃഷ്ടികളില്‍ പ്രയോഗിക്കുന്ന അശുഭവചനം പില്കാലത്ത് യാഥാർഥ്യമായിത്തീരുന്നതിനെയാണ് അറം എന്നു പറയുന്നത്. അറം പറ്റുക എന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇക്കാലത്ത് പറയുകയാണെങ്കില്‍ സിനിമയിലും സീരിയലിലും പരസ്യ ചിത്രങ്ങളിലും കഥാപാത്രങ്ങളുടെ വാക്കുകളായി പ്രയോഗിക്കുന്ന അശുഭവചനങ്ങൾ അഭിനേതാവ് തന്നെക്കുറിച്ചുപറയുന്ന വാക്കുകളെന്നോണം പിന്നീട് അയാളുടെ ജീവിതാനുഭവമായിത്തീർന്നു എന്ന
വിശ്വാസമാണ് ഈ വാദത്തിനടിസ്ഥാനം. ഉണ്ണായിവാര്യരുടെ തറവാട് അന്യംനിന്നുവെന്നു പറയപ്പെട്ടതും കോട്ടയത്തുതമ്പുരാൻ ടിപ്പുസുൽത്താന്റെ ആക്രമണവേളയിൽ രാജ്യംവിട്ട് കാട്ടിലേക്കു പോകേണ്ടിവന്നതും അറത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നമ്മുടെ ക്രിക്കറ്റിലെ താരം യുവരാജ് സിങ്ങിനും സംഭവിച്ചത് അത് തന്നെയാണോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. നല്ല രീതിയില്‍ ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന യുവിയുടെ ജീവിതത്തിലും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പരസ്യ ചിത്രത്തില്‍ അദ്ദേഹം പറയുന്ന പോലെ നല്ല ആരോഗ്യം ഉള്ളപ്പോള്‍ ആരും പണം സൂക്ഷിക്കുന്നതിനെ പറ്റിയോ എന്തെങ്കിലും രോഗം വന്നാല്‍ ഉള്ള അവസ്ഥയെ പറ്റിയോ ചിന്തിക്കാറില്ല.

"ജീവിതത്തില്‍ എല്ലാവര്ക്കും അധ്വാനിക്കേണ്ടി വരും. നിങ്ങള്‍ രാവിലെ എണീറ്റ്‌ ഓഫീസിലേക്ക് ഓടുന്നു. ഞാനും രാവിലെ പ്രാക്ടീസ് ചെയ്യാനായി ട്രാക്കിലേക്ക്. വര്‍ഷങ്ങള്‍ കാത്തിരുന്നു ഒരിക്കല്‍ക്കൂടി നമുക്ക് വേള്‍ഡ് കപ്പ്‌ കിട്ടി. ഞാന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റും ആയി. പിന്നെ വിചാരിച്ചു എല്ലാം സെറ്റ് ആയി എന്ന്. എന്നാല്‍ ജീവിതത്തിലും ചിലപ്പോള്‍ പ്രതീക്ഷിക്കാത്തത് സംഭവിക്കും. ആഘോഷം എല്ലാം അകലത്തുള്ള വിഷയമാണ് രോഗം വന്നാല്‍ ടീമിന് പുറത്ത്. പിന്നെയും അത് തന്നെ.. ബാറ്റ് ചലിക്കുന്നിടത്തോളം ഹീറോ.. ബാറ്റ് ചലിക്കാതെ ആയാലോ.." പരസ്യ ചിത്രത്തില്‍ അദ്ദേഹം പറഞ്ഞ പോലെ രോഗിയായപ്പോള്‍ ടീമിന് പുറത്ത്..


ഈശ്വരന്‍ അദ്ധേഹത്തിന്റെ രോഗം ഭേദമാക്കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്...

Tuesday, January 10, 2012

ശ്രീ ഗണപതി ഗായത്രി

 ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്
ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

Movie Rating

Velipadinte Pustam Movie rating