Wednesday, July 28, 2010

കണ്ണന്റെ പാട്ട്‌ കേട്ട്‌ രാധിക ജീവിതത്തിലേക്ക്‌

ആധുനികശാസ്ത്രം പരാജയപ്പെട്ടിടത്ത്‌ സംഗീത ശുശ്രൂഷയിലൂടെ പുതുജീവന്‍ ലഭിച്ച രാധികയുടെ ചലനങ്ങള്‍ ഡോ. ഗിരിജാമോഹന്‌ ആത്മ സംതൃപ്തിയായി. ആശുപത്രി കിടക്കയില്‍ രണ്ടര മാസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന തന്റെ രോഗി സംഗീത ചികിത്സയിലൂടെ ജീവിതത്തിലേക്ക്‌ മടങ്ങിവന്നപ്പോള്‍ മറ്റാരേക്കാളും സന്തോഷിച്ചത്‌ ഡോ.ഗിരിജയാണ്‌. തൃക്കുന്നപ്പുഴ കളരിക്കല്‍ മഠത്തില്‍ മത്സ്യ തൊഴിലാളിയായ രാജുവിന്റെ മകള്‍ രാധിക (8)യാണ്‌ പാട്ടിലൂടെ ജീവിതത്തിലേക്ക്‌ മടങ്ങിവരുന്നത്‌.

ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പീഡിയാട്രിക്‌ തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‌ പോലും ചോദ്യചിഹ്നമായി ജീവച്ഛവമായി കഴിഞ്ഞ കുട്ടിയുടെ നില മ്യൂസിക്‌ തെറാപ്പിയിലൂടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പീഡിയാട്രിക്‌ വിഭാഗം മേധാവി ഡോ.ഗിരിജാ മോഹന്‍ മറച്ചുവെക്കുന്നില്ല.രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയായ രാധികയെ കഴിഞ്ഞ മെയ്‌ 10നാണ്‌ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ശ്വാസതടസമുണ്ടായി അബോധാവസ്ഥയിലാകുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി മരുന്നുകളോട്‌ പ്രതികരിക്കാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു. അച്ഛനേയും അമ്മയേയും സഹോദരിമാരെ പോലും കുട്ടിക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്ത്‌ സംഗീതത്തെ ആശ്രയിക്കാന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. ഇത്‌ സംബന്ധിച്ച്‌ ഇന്റര്‍നെറ്റിലൂടെ ലഭിക്കാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട്‌ ശാസ്ത്രീയ സംഗീതം നിശ്ചിത സമയം കുട്ടിയെ കേള്‍പ്പിച്ചു.

അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍ എന്ന പാട്ട്‌ കുട്ടിക്ക്‌ വളരെ ഇഷ്ടമായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ പാട്ടും കുട്ടിയെ നിരന്തരം കേള്‍പ്പിച്ചു. ക്രമേണ കുട്ടിയുടെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ ഈ പാട്ട്‌ രാധികയും പാടിത്തുടങ്ങി. പാട്ട്‌ എപ്പോഴും കേള്‍ക്കണമെന്നും ആവശ്യപ്പെടുന്നു. ബോധം തിരിച്ചുലഭിച്ച കുട്ടി അച്ഛനേയും അമ്മ മഞ്ജുവിനേയും സഹോദരിമാരായ രാജിമോള്‍ (10), രഞ്ജിത (2) എന്നിവരെയും തിരിച്ചറിഞ്ഞു. ഇപ്പോള്‍ മരുന്നുകളോടും പ്രതികരിച്ച്‌ തുടങ്ങി. സംഗീതം അമൂല്യ സിദ്ധൗഷധം തന്നെയെന്ന്‌ തെളിയിക്കുന്നതാണ്‌ രാധികയുടെ അനുഭവം.

Courtesy : News Link here

1 comment:

  1. ആ പാട്ട് എനിക്കും ഇഷ്ടമാണ്. ഇനി ഒരു കോപ്പി എപ്പോഴും കൂടെ കൊണ്ടുനടക്കണം. എപ്പഴെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതു കേട്ടല്‍ മതിയല്ലോ
    :-)

    ReplyDelete

Movie Rating

Velipadinte Pustam Movie rating