മലയാളം ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് മത പ്രചാരണവും നിരീശ്വരവാദവും യുക്തിവാദവും. ആദ്യമേ പറയട്ടെ ഈയുള്ളവന്‍ ഒരു മത പ്രചാരകനല്ല എന്നാല്‍ നിരീശ്വരവാദിയും അല്ല.
ബ്ലോഗിങ്ങ് എന്നത് കൊണ്ട് നമുക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് എഴുതുക എന്നതാണ്. അത് ശരിയും ആണ്. എന്നാല്‍ വായിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുക അതും സാധ്യമല്ല. എന്നാല്‍ മറ്റൊരാളെ വിഷമിപ്പിക്കാതിരുന്നു കൂടെ?
എന്താണ് നമ്മുടെ യുക്തിക്ക് ശരി എന്ന് തോന്നുന്നതിനെയാണോ യുക്തി വാദം എന്ന് പറയുന്നത് എന്നറിയില്ല. ഏതായാലും മറ്റൊരാളുടെ വിശ്വാസം അപ്പാടെ തെറ്റ് എന്ന് പറയുന്നതിനെ യുക്തിവാദം എന്ന് വിളിക്കാന്‍ പറ്റില്ല.
ഒരു മതത്തില്‍ പിറന്നു അതില്‍ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടിയാല്‍ അയാളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മതം ( അല്ലെങ്കില്‍ മതപ്രചാരകര്‍) ഏതായാലും അതൊരു മതമല്ല സംസ്കാരമല്ല. ഭാരതം വിഭാവനം ചെയ്യുന്ന സംസ്കാരത്തില്‍ ആണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നാം ജനിച്ചു വീണ മതത്തെ വിമര്‍ശിക്കാന്‍ പോലും. വര്‍ഷങ്ങളായുള്ള വൈദേശിക ആക്രമണങ്ങളിലും നശിക്കാത്ത സംസ്കാരത്തിന് ഉടമയാണ് ഭാരത്തിലെ ഓരോരുത്തരും. അഹിംസക്ക് പ്രാധാന്യം നല്‍കുന്ന സംസ്കാരമാണ് നമ്മുടേത്.
ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം യുക്തിവാദികള്‍ ആണ്. നിത്യ ജീവിതത്തില്‍ നമ്മുടെ യുക്തിക്കു തോന്നുന്നതാണ് നാം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യോക മതത്തില്‍ ജനിച്ചത് കൊണ്ട് ആ മത ഗ്രന്ഥത്തില്‍ പറയുന്നത് മുഴുവന്‍ പ്രാവര്‍ത്തികമാകാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ് പറയുന്നത് നാം യുക്തിവാദികള്‍ ആണെന്ന്.
ഇതൊക്കെ പറഞ്ഞാലും യുക്തി വാദത്തിന്റെ പേരില്‍ മതങ്ങളെ തള്ളിപറയുന്നതിലും അര്‍ത്ഥമില്ല. ഓരോ മതത്തിനും സംസ്കാരത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അതെ അവസരത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഉണ്ടായ മത ഗ്രന്ഥത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും മരുഭൂമിയില്‍ പോയി പ്രാവര്‍ത്തികം ആകിയാല്‍ എങ്ങനെയിരിക്കും ? അതുപോലെ മരുഭൂമിയില്‍ ഉണ്ടായ മത ഗ്രന്ഥത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വസ്ത്രധാരണം ഉള്‍പ്പെടെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കും? ഓരോ പ്രദേശത്തും ഉടലെടുത്ത മതം അതാതു പ്രദേശത്തെ പരിതസ്ഥിതിക്ക് അനുസരിച്ച് ഉണ്ടായതാണ്. അങ്ങിനെയിരിക്കെ അങ്ങനെയൊരു മതത്തില്‍ പിറന്ന ഒരു യുക്തി ചിന്തയുള്ള യുവാവ് അല്ലെങ്കില്‍ വൃദ്ധന്‍ അതിനെ എതിര്‍ത്താല്‍ അതില്‍ ഒരു തെറ്റും ഇല്ല.
എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യനന്മക്കു ആയി ഉണ്ടായിട്ടുള്ളതാണ്. അതില്‍ ഒരു സംശയവും ഇല്ല. വെറും മത പ്രചാരണം ലക്‌ഷ്യം വെക്കുന്നവര്‍ക്ക് അത് കാണാന്‍ ആകില്ല. തന്റെ മതം ശരി മറ്റുള്ള മതങ്ങള്‍ എല്ലാം തെറ്റ് എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല. ആദ്യം നാം നമ്മുടെ മതത്തെപ്പറ്റി കൂടുതല്‍ അറിയുക അതില്‍ നാം ജീവിക്കുന്ന കാലത്തിനും കാലാവസ്ഥക്കും ഇണങ്ങാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അവിടെയേ നന്മ വിളയൂ. ഇല്ലെങ്കില്‍ ഫലം അധോഗതിയാകും.
നാം നമ്മുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടു മറ്റുമതങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. തന്റെ മതം മാത്രം പ്രചരിപ്പിക്കുക എന്ന വികലമായ ഉദ്ദേശം മാത്രം അല്ലെങ്കില്‍ മറ്റു മതങ്ങളില്‍ നന്മ കാണാനാകും തീര്‍ച്ച. മറ്റുമതക്കാരുടെ വസ്ത്രധാരണ രീതി സംസ്കാരം എന്നിവ നല്ലതെന്ന് തോന്നുണ്ടെങ്കില്‍ സ്വീകരിക്കുക. മറ്റു മതങ്ങളില്‍ നന്മ കണ്ടെത്തിയാല്‍ ഭഗവാന്‍ നമ്മളെ ശിക്ഷിക്കില്ല മാത്രവും അല്ല നമുക്ക് നന്മയെ വരൂ. ഭാരത സംസ്കാരത്തില്‍ പറയുന്ന പോലെ ലോകാ: സമസ്താ: സുഖിനോ ഭവന്തു. സകല ലോകങ്ങളിലും ഉള്ളവര്‍ക്ക് നന്മ വരട്ടെ.
ഒരാള്‍ തീരുമാനിക്കുന്നു എനിക്ക് ഒരു മതവും ഈശ്വരനും ഇല്ല. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മത സ്വാതന്ത്ര്യം പോലെ മതമില്ല എന്ന് പറയുന്നതിനും സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ആകുന്നില്ലെന്കില്‍ അയാളുടെ മതം ഏതായാലും മതമില്ലെന്കിലും കുഴപ്പമില്ല. ഈ മതങ്ങള്‍ ഉണ്ടാക്കിയതും നിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യരാണ്. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്കാരത്തില്‍ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും നമ്മുടെ നന്മ നശിച്ചിട്ടില്ല. ശൈവരും വൈഷ്ണവരും നാസ്തികരും ആസ്തികരും നിരീശ്വരവാദികളും യുക്തിവാദികളും വൈദേശിക മതസ്ഥരും ഇവിടെ ജീവിക്കുന്നു.
ഭൂരിപക്ഷ മതത്തെ മാത്രം എതിര്‍ക്കുന്നത് മതേതരത്വമാണ് എന്ന മറ്റൊരു കൂട്ടരും ഓരോ രാജ്യത്തും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആ വര്‍ഗ്ഗം ഇതില്‍ ഒന്നും പെടാത്തതാണ്. ഓരോ രാജ്യത്തും അവിടത്തെ മതത്തിനെതിരായും ഭരണത്തിനെതിരായും ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ മുതലെടുക്കുകയും അരുത്. യഥാര്‍ത്ഥത്തില്‍ ഒരു മതത്തെയും എതിര്‍ക്കുന്നതല്ല മതേതരത്വം. എല്ലാ മതങ്ങളിലും ഉള്ള നന്മയെ കണ്ടെത്തുകയും അതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ മതേതരത്വം.
ഒരേ മതത്തില്‍ തന്നെ അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളില്‍ പ്രദേശത്തിന് അനുസരിച്ച് ചടങ്ങുകളില്‍ വസ്ത്രധാരണ രീതികളില്‍ സംസ്കാരത്തില്‍ വ്യത്യസ്തത കാണാം. ഉദാഹരണത്തിന് കേരളത്തില്‍ ജനിച്ച നാം ഹിമാലയത്തില്‍ പോയി മുണ്ട് മാത്രം ഉടുത്തെ പ്രാര്‍ത്ഥന നടത്തുക ഉള്ളൂ എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം. ഇതൊരു ഉദാഹരണം ഇത് മാതിരി എല്ലാ മതസ്ഥരും ചിന്തിക്കുക.
കേരളത്തിന്റെ കാലാവസ്ഥക്ക് നമ്മുടെ വസ്ത്രധാരണ രീതി അനുയോജ്യമാണ്. ഇവിടെ വന്നാല്‍ ഷര്‍ട്ട് ഇട്ടു ആരാധന സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പറയുന്നു. അത് ഈ കാലാവസ്ഥക്ക് അനുസരിച്ച നിയമം. അത് അംഗീകരിക്കുക. അതെ മതത്തില്‍പെട്ടവര്‍ തന്നെ ഹിമാലയത്തില്‍ കമ്പിളി വസ്ത്രം ധരിച്ചു പ്രവേശിക്കുന്നു. അവിടെ ചെന്ന് അതെ മതത്തില്‍പ്പെട്ടവര്‍ കമ്പിളി വസ്ത്രം ധരിക്കില്ല എന്ന് പറഞ്ഞാല്‍ തണുത്തു രോഗ ബാധിതന്‍ ആകും.
പാശ്ചാത്യ രാജ്യത്ത് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നത് കൊണ്ട് ടൈയും കോട്ടും ധരിച്ചു ആരാധന നടത്തുന്നു. ആ കാലാവസ്ഥക്ക് അനുസരിച്ച് അത് ശരിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ അവിടെ ചെന്ന് ഇതൊന്നും പാടില്ല എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല.
ഒരു മതം നല്ലതല്ല എന്ന് പറഞ്ഞു മതം മാറ്റം നടത്തുന്നതില്‍ എന്തര്‍ത്ഥം. ഓരോ മതവും സംസ്കാരവും മനുഷ്യ നന്മയ്ക്കാണ്. ഓരോ പേര് വിളിക്കുന്നു അത്ര തന്നെ. പണമോ മറ്റു പ്രലോഭനങ്ങള്‍ നല്‍കി മതം മാറ്റിയാല്‍ അത് കിട്ടാതാകുമ്പോള്‍ അവന്‍ തിരിച്ചു ചിന്തിക്കും. സ്വാതന്ത്ര്യമില്ലാത്ത പ്രദേശത്ത് അവര്‍ക്ക് തിരിച്ചു മാറാന്‍ പറ്റില്ല. പിന്നെ ജീവിതം കണ്‍ഫ്യൂഷന്‍ ആകും. ജനിച്ച മതം ശരിക്ക് പഠിക്കാതെ ഇരിക്കുമ്പോഴാണ് പ്രലോഭനങ്ങള്‍ക്ക് വശംവദര്‍ ആകേണ്ടിവരുന്നത്.
മതമേധാവികള്‍ തെറ്റ് ചെയ്‌താല്‍ അതിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. എന്നാല്‍ അത് എല്ലാ മതങ്ങളിലും അനുവാദമില്ല എന്നത് ഒരു നഗ്ന സത്യമാണ്. കല്യാണം കഴിക്കാന്‍ അനുവദനീയമാല്ലാത്ത മത പ്രവര്‍ത്തികളില്‍ ഉള്ളവര്‍ ആണും പെണ്ണും കാമ നിവൃത്തിക്ക് ശ്രമിച്ചു അബദ്ധം പിണഞ്ഞാല്‍ അതിനെ അംഗീകരിക്കുക അല്ല യഥാര്‍ത്ഥ മത വിശ്വാസികള്‍ ചെയ്യേണ്ടത്. ഈ അവസരങ്ങളില്‍ എതിര്‍ക്കുക തന്നെ വേണം. ആ വിശ്വാസികളുടെ കൂടെയേ ഈശ്വരന്‍ ഉണ്ടാകൂ. തീര്‍ച്ച.
ചുരുക്കത്തില്‍ എല്ലാ മതങ്ങളും നന്മയുടെ സന്ദേശങ്ങളാണ് നല്‍കുന്നത്. നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുക. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
ലോകാ: സമസ്താ: സുഖിനോ ഭവന്തു: