Sunday, May 31, 2009

മാധവികുട്ടി - കൃഷ്ണ സന്നിധിയിലേക്ക്..

മാധവികുട്ടിയുടെ പുസ്തകങ്ങള്‍ അധികം വായിച്ചില്ലെങ്കിലും പഠിച്ച ഒരു ഇംഗ്ലീഷ് കവിത മനസ്സില്‍ എങ്ങോ മിന്നിമറയുന്നു. എന്റെ മുത്തശ്ശിയാവാന്‍ പ്രായമുള്ള അവരുടെ കൃതികള്‍ അങ്ങിങ്ങു വായിച്ചുട്ടുണ്ട്. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ കുറച്ചധികം അറിയാന്‍ കഴിഞ്ഞു.

നമ്മുടെ സദാചാര ബോധം അനുവദിക്കുകയില്ലെന്കിലും ഒരു യഥാര്‍ത്ഥ കവയിത്രി ആകുക എന്നത് തന്റെ മനസ്സില്‍ കുരുത്ത ആശയം അതേപടി വായനക്കാരില്‍ എത്തിക്കുമ്പോള്‍ ആണ്. അത് തന്നെയല്ലേ മാധവികുട്ടിയും ചെയ്തത്. ഒരു മറയും ഇല്ലാതെ എഴുതാനുള്ള ധൈര്യം അവര്‍ക്ക് കിട്ടി.

ഒരുപാട് അനുഭവങ്ങള്‍ ഒരുപാട് കഥാപാത്രങ്ങള്‍ അതെല്ലാം സമ്മേളിച്ചു കവിതയും കഥയും ഉണ്ടാവുന്നു. ജീവിത യാത്രയില്‍ അവര്‍ കണ്ട കഥാപാത്രങ്ങള്‍ കവിതയിലൂടെയും കഥയിലൂടെയും അനേക വര്‍ഷം ജീവിക്കും.

ഒരു മെയ്‌ മാസം മുപ്പത്തി ഒന്നിന് ഇഹലോകവാസം വെടിഞ്ഞ മാധവികുട്ടിയുടെ കഥകള്‍ കവിതകള്‍ ജൂണ്‍ ഒന്നാം തിയതി അധ്യയനം തുടങ്ങുന്ന കുരുന്നുകള്‍ പഠിക്കും.

ഒരുപാട് പേര്‍ക്ക് സ്നേഹം പ്രധാനം ചെയ്ത ആ അമ്മയുടെ അടുത്ത് പലരും പോയിരിക്കാം എന്നാല്‍ അഭിമുഖങ്ങളില്‍ മനോരോഗിയും ജയില്‍വാസം കഴിഞ്ഞവനും അശരണരും ആയവര്‍ വന്നതിനെ പറ്റിയാണ് അവര്‍ സംസാരിച്ചത്‌. ദുര്‍ബലരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നവനെ ഒരു യഥാര്‍ത്ഥ കവിയാകൂ. മറ്റൊരുവന്റെ ദുഃഖം സ്വന്തം ദുഖമായി മാറുമ്പോള്‍ ആണ് യഥാര്‍ത്ഥ സൃഷ്ട്ടികള്‍ ഉണ്ടാകുന്നത്.

അഭിമുഖങ്ങളില്‍ ഒരുപാട് പേര്‍ മാധവികുട്ടിയെ പുകഴ്ത്തി സംസാരിക്കുന്നത് കേട്ടു. ഒരാളുടെ വേര്‍പാടില്‍ അവരുടെ നന്മയെ പറ്റി പുകഴ്ത്തുക തന്നെ വേണം. ജീവിച്ചിരിക്കുമ്പോള്‍ ആണ് ഒരാള്‍ക്ക്‌ സ്വസ്ഥവും സമാധാനവും നല്‍കേണ്ടത്.. സംസ്കാര കേരളം അത് നല്‍കിയോ..?

മറ്റു മതങ്ങളെ അപേക്ഷിച്ച് ഒരുപാട് സ്വാതന്ത്ര്യം നല്‍കിയ മതത്തില്‍ ജനിച്ചിട്ടും വേറൊരു മതം സ്വീകരിച്ചത് വഴി മതത്തിന്റെ ചട്ടക്കൂടില്‍ അല്ല ദൈവത്തെ കാണേണ്ടത് എന്ന വിശാല തത്വം ലോകത്തിനു നല്‍കി.

കുട്ടികാലം മുതലേ കേട്ട ദൈവ സങ്കല്‍പം അവര്‍ക്ക് സ്നേഹമായിരുന്നു.ഭഗവാന്‍ ഉണ്ണി കണ്ണന്റെ ലീലകള്‍ അവരെ കൂടുതല്‍ സ്വാധീനിച്ചിരിക്കാം. വൃന്ദാവനത്തിലെ ഗോപികമാര്‍ കൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹിച്ചിരുന്ന പോലെ മലയാളത്തിന്റെ മാധവികുട്ടിയും ആശിച്ചിരുന്നു.ആ സ്നേഹസ്വരൂപന്റെ സന്നിധിയിലേക്ക് കൃഷ്ണസന്നിധിയിലേക്ക് മാധവികുട്ടി യാത്രയായി....

Thursday, May 21, 2009

ശ്വേതാലിംഗനം - നമ്പൂരി ഫലിതം

എടോ രാമ നീയ്യ്‌ ടീവി കാണാറുണ്ടോ? ഉവ്വ് തിരുമേനി. ഇന്നലെ നീയ്യ്‌ എന്തെങ്കിലും കണ്ട്വോ? എന്താ ഇവിടന്നു അങ്ങിനെ ചോദിച്ചത്?
അല്ല നോം ചിലതൊക്കെ കണ്ടു. വേലു പിള്ള പ്രഭാകരന്‍ മരിച്ചതാണോ തിരുമേനി കണ്ടത്? അല്ലെടോ ശുംഭ, ഞാന്‍ സ്റ്റാര്‍ സിങ്ങര്‍ കണ്ട കാര്യമാ പറയണത്.

തിരുമേനി ശ്രീ മഹാഭാഗവതവും ദേവി മാഹാത്മ്യവും ഒക്കെ വിട്ടു സ്റ്റാര്‍ സിങ്ങര്‍ കാണാനെപ്പോഴാ തുടങ്ങിയത്?
എടോ ശുംഭ ഇന്നലെ അങ്ങട് കാണുകയുണ്ടായി. അപ്പോഴല്ലേ ഒരൂട്ടം മനസ്സിലായെ. എന്താ ച്ച നൊമ്മടെ നാട്ടിലും ശ്ശി പാട്ടുകാരുണ്ട് ന്നു.

അലങ്ങനല്ലൂര്‍ അലവിയുടെ പാട്ട് നോക്ക് ശ്ശി ഇഷ്ടായി. കഴിഞ്ഞ മാസം കറുത്തേടം ഇല്ലത്തെ അമ്പലത്തില്‍ കളി കാണാന്‍ പോയപ്പോ ഈ വിദ്വാന്‍റെ പാട്ട് നോം കേട്ടട്ടുണ്ട്. ആള് നല്ല രസികന്‍ തന്നെ.
അലവിയുടെ 'വാതാപി ഗണപതി' ഉഗ്രനായി. സംഗതി പോര ന്ന പ്രശനം ഇനി ആ കുള്ളന്‍ പറയില്ല ന്നു തോന്നണു.
പാടുന്ന കുട്ടികളെ പറ്റി പറയണത് ആ കുഞ്ഞാലി മാഷല്ലേ ഉഗ്രന്‍. അയാളുടെ ശബ്ദം ദേവി മാഹാത്മ്യത്തില്‍ കേട്ടട്ടുണ്ട്.

പിന്നെ രഞ്ജിനിക്ക് ഇന്നലെ ഇത്തിരി സങ്കടം ആയി ന്നു തോന്നണു. ഏതോ ഒരു പയ്യന്‍ പാട്ട് പാതിക്കു വച്ച് നിര്‍ത്തിയതിനു എല്ലാരും ശുണ്ടി പിടിച്ചു. ന്നാലും ആ മേനോത്തി കുട്ടി ആ പയ്യനെ കെട്ടിപിടിച്ചു.അപ്പോഴാ ആ ശിടുങ്ങന്‍ ശരിക്കും കരഞ്ഞത്. അപ്പൊ ആ രണ്ജിനിയുടെ മൊഖം ആകെ മാറി. കെട്ടിപിടിക്കാന്‍ പറ്റാതോണ്ടാവ്വോ?

ന്നാലും പരസ്യായിട്ടു ആണ്‍കുട്ടികളെ കേട്ടിപിടിക്ക്യ ച്ച അതൊക്കെ മോശമല്ലേ. നോക്ക് പ്പോ അതല്ല തോന്നണേ. ഇങ്ങനെ നടിമാരും നടന്മാരേം കെട്ടിപിടിക്കാന്‍ തൊടങ്ങിയ കുട്ടികളൊക്കെ മൊയ്തീന്‍ പറയണ മാതിരി ബെടക്കാവൂല്ലോ?

Tuesday, May 19, 2009

ഒരു റിയാലിറ്റി ജീവിതം - ഫ്ലാഷ് ബാക്ക്

കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.
പിന്നെ ഇതേ കഥ ഞാന്‍ തന്നെ മനോരമ ബ്ലോഗ്ഗിലും - അവിടത്തെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു..


ഒരു റിയാലിറ്റി ജീവിതം - ഫ്ലാഷ് ബാക്ക്


അലങ്ങനള്ളൂരില്‍ ബാലന്‍റെ ഷാപ്പിന്‍റെ പിറക് വശത്തുള്ള മോയ്തീന്‍റെ നാലാമത്തെ സന്താനമാണ് അലവി. അല്‍പ സ്വല്പം പാട്ട് പാടുന്ന അലവി ചെറിയ ഗാനമേളക്കൊക്കെ പാടാറുണ്ട്. "പള്ളിക്കെട്ട് ശബരിമലയ്ക്ക് " എന്ന പാട്ടാണ് മാസ്റ്റര്‍ പീസ്‌.

അരക്കുപറമ്പിലെ അയ്യപ്പന്‍ കാവില്‍ പാടി മടങ്ങുമ്പോഴാണ് നാരായണന്‍റെ ചായകടയില്‍ വച്ച് ടീവിയില്‍ സ്റ്റാര്‍ സിങ്ങറിന്റെ തെരഞ്ഞെടുപ്പിനെ പറ്റി കേട്ടത്. അടുത്ത ദിവസം പെരിന്തല്‍മണ്ണയില്‍ വച്ച് ആണ് ഓടിഷന്‍.

സംഗീതത്തെ ആരാധിക്കുന്ന അലവി ഒന്ന് രണ്ടു പ്രാവശ്യം മൂകാംബികയില്‍ പോയിട്ടുണ്ട്. വാക്ക്‌ ദേവിയുടെ അനുഗ്രഹത്താല്‍ സംഗീതം ഒരനുഗ്രഹമാണ്‌ അലവിക്ക്.
ഓടിഷനില്‍ ഗണേശ സ്തുതിപാടി വിധികര്‍ത്താക്കളെ കയ്യിലെടുത്ത അലവി ' ഞാനോ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ നാലിലെ' നാല്‍പ്പത്തിയെട്ടു പേരില്‍ ഒരാളായി.

പട്ടിണി കുടുംബത്തിലെ അലവി ലോകമെങ്ങും അറിയപ്പെടുന്ന ഒരു പാടുകാരനാവാന്‍ പോകുന്നതിന്റെ തുടക്കമാണ്.

അങ്ങാടിപുറം പൂരത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയ്ക്ക് പാടിയതാണ് പറയാനായി ഒരു പബ്ലിക്‌ സ്റ്റേജ്.

സുഹൃത്തുക്കളായ മണികണ്ടനോടും മനോജിനോടും മുസ്തഫയോടും താന്‍ സ്റ്റാര്‍ സിങ്ങരില്‍ പാടാന്‍ പോകുന്ന വിവരം പറഞ്ഞു.

അലങ്ങനള്ളൂര്‍ മുഴുവന്‍ സന്തോഷത്തിലാണ്. മൊബൈല്‍ ഇല്ലാത്തവന്‍ പുതിയതായി വാങ്ങി. അലവിക്ക് വേണ്ടി എസ് എം എസ് അയക്കാന്‍.
യുപി സ്കൂളിലെ പാട്ട് ടീച്ചര്‍ തല്ക്കാലം അലവിയുടെ പാട്ട് ടീച്ചര്‍ ആയി. തിരുവനന്തപുരത്ത് പോകാനുള്ള ചെലവ് 'അമ്മു ഡ്രസ്സ്‌' എന്ന കട സ്പോണ്‍സര്‍ ചെയ്തു.

ഇടയ്ക്ക് വച്ച് മാപ്പിളപ്പാട്ട് പാടാതെ നിര്‍ത്തി കരഞ്ഞ പാട്ടുകാരന്‍ കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപയുടെ ഫ്ലാറ്റ് കൊണ്ടുപോയതല്ലേ നമ്മുടെ അലവിയും ഫ്ലാറ്റ് മായി വരാതിരിക്കില്ല. നാട്ടുകാര്‍ക്ക് ശുഭ പ്രതീക്ഷയാണ്.

എല്ലാ പാട്ട് കഴിയുമ്പോഴും കരയാന്‍ മറക്കരുതെന്നായിരുന്നു മനോജിന്റെ ഉപദേശം ഫ്ലാറ്റ് കിട്ടിയില്ലെങ്കിലും രഞ്ജിനിയുടെ കെട്ടിപിടുത്തം നഷ്ടപ്പെടുത്തണ്ടല്ലോ?

മലയാള സംഗീത ലോകത്തെ പ്രഗല്ഭന്‍മാര്‍ വിധികര്‍ത്താക്കളായി വരുന്ന സംഗീത പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഒരു പാട് സംഗതികളുമായി അലവിയും വണ്ടി കയറി...

Movie Rating

Velipadinte Pustam Movie rating