![](http://1.bp.blogspot.com/_PzS9aw7y8WQ/TK_f3M5HJsI/AAAAAAAAI3c/A2k_MiY45V0/s320/durga.jpg)
2010 ലെ നവരാത്രി സമാഗതമായി. വാഗ്ദേവിയുടെ അനുഗ്രഹം ഏവര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ.
ഒന്‍പതു രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവം ശക്തിയുടെ ഒന്‍പതു രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചു പൂജ നടത്തുന്നു.
കുട്ടിക്കാലത്ത് പുസ്തകം പൂജയ്ക്ക് വയ്ക്കലും അമ്പലത്തിലെ വിദ്യാരംഭം തുടങ്ങി നവരാത്രിയെ കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍. എഴുത്തിന്റെ ആദ്യാക്ഷരം സ്വര്‍ണത്താല്‍ നാക്കിന്മേല്‍ പകര്‍ന്നു തന്ന ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഈ വര്‍ഷവും ദേവിയുടെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.
കലയുടെയും വിദ്യയുടെയും ദേവിയാണ് ദുര്‍ഗാ ദേവി. ജാതി മത ഭേദമന്യേ ദേവിയുടെ അനുഗ്രഹത്തിനായി ആളുകള്‍ കൊല്ലൂരിലേക്ക് മൂകംബികയിലേക്ക് പോകാറുണ്ട്. സിനിമ സംഗീത ലോകത്തെ മഹാരഥന്മാരായ ഇളയരാജയും, യേശുദാസും തുടങ്ങി സംഗീത ലോകത്തെ ഒട്ടനവധി പേര്‍ മൂകാംബിക ദേവിയുടെ ഭക്തന്‍മാരാണ്. നല്ല വാക്കിനും ബുദ്ധിക്കും ഐശ്വര്യത്തിനും സമ്പത്തിനും ദേവിയുടെ അനുഗ്രഹം അനിവാര്യമാണ്.
ഇനിയുള്ള ഒമ്പത് ദിവസം ദേവിയെ ആരാധിക്കാനുള്ള ദിവസങ്ങളാണ്. അടുത്ത് അമ്പലം ഉണ്ടെങ്കില്‍ ദര്‍ശനവും ദാന ധര്‍മ്മങ്ങളും നമ്മുടെ ഐശ്വര്യ വര്‍ധനയ്ക്ക് ആക്കം കൂട്ടുന്നു. വീട്ടില്‍ നെയ് വിളക്ക് തെളിയിച്ചു ദേവി മാഹാത്മ്യവും ലളിത സഹസ്ര നാമവും ജപിച്ചു ദേവിയെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സകലവിധ ഐശ്വര്യങ്ങളും ദേവി പ്രദാനം ചെയ്യും.