Thursday, August 13, 2009

സ്വാതന്ത്ര്യം 2009

ഭാരതത്തിനു ബ്രിട്ടിഷ്‌ കിരാതരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച സുദിനമാണ് ഓഗസ്റ്റ്‌ 15. സാധാരണ തീവ്രവാദികളില്‍ നിന്നാണ് ഭീഷണി എങ്കില്‍ ഈ വര്‍ഷം പന്നിപനിയും തീവ്രവാദികളോട് ഒപ്പം നില്‍ക്കുന്നു. തീവ്രവാദം പാകിസ്ഥാനില്‍ നിന്നെങ്കില്‍ പന്നിപനിയുടെ വരവ് പ്രധാനമായും അമേരിക്കയില്‍ നിന്നും. ഇതൊക്കെയാണെങ്കിലും സ്വതന്ത്ര ഇന്ത്യക്ക് ഇതൊന്നും വലിയ ഭീഷണി അല്ല. നമ്മുടെ പട്ടാളം ഏത് അവസ്ഥയെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണ്. എന്നാല്‍ നാം നമ്മുടെ നാട്ടിലെ തീവ്രവാദികളെ തിരിച്ചറിയണം അവരെ കൈകാര്യം ചെയ്യാന്‍ പട്ടാളത്തിന് കഴിയില്ലല്ലോ.അത് പോലെ അമേരിക്കയില്‍ നിന്നും വിമാനം കയറി വരുന്ന പന്നിപനിയെ വിമാനത്താവളത്തില്‍ വച്ച് പിടിക്കാം എന്നാല്‍ നാട്ടില്‍ പെരുകുന്ന പന്നിപനിയെ നാം വായും മൂക്കും മൂടിക്കെട്ടി തന്നെ എതിര്‍ക്കണം.

പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ തിളങ്ങുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും കല സംഗീത രംഗത്തും ഇന്ത്യ തങ്ങളുടെ മുന്നേറ്റം തുടരുകയാണ്.

ഇന്ത്യയുടെ പുരോഗതി അസൂയയോടെ നോക്കുന്ന രാജ്യക്കാരും വിരളമല്ല. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന ഇവര്‍ ഇന്ത്യയുടെ നയങ്ങളെ ചോദ്യം ചെയ്യുകയാണ്. തീവ്രവാദികളെ അമര്‍ച്ച ചെയ്യുക എന്ന വാദത്തോടെ രാഷ്ട്രങ്ങളെ ആക്രമിക്കുന്ന ഈ പാശ്ചാത്യ രാഷ്ട്രങ്ങള്‍ പ്രധാനമായും അമേരിക്ക ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ പറ്റിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ത്യയുടെ അത്രയും സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്നുണ്ടോ? ഒരു മുസ്ലീമായതിനാല്‍ നമ്മുടെ മുന്‍ രാഷ്ട്രപതിപോലും അമേരിക്കകാരാല്‍ അപമാനിക്കപ്പെട്ടു. നമ്മുടെ പ്രിയനടന്‍ മമ്മൂട്ടിയെയും മുസ്ലീമായതിനാല്‍ അവര്‍ അപമാനിച്ചത് നമുക്ക് മറക്കാന്‍ പറ്റില്ല. ഇത്രയും മത നിന്ദ ചെയ്യുന്ന അവര്‍ക്കെങ്ങനെ ഇന്ത്യയുടെ മത സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കാനാകും. ചൈനയില്‍ മുസ്ലീങ്ങളെ വെടിവച്ച് കൊന്നപ്പോഴും അവര്‍ തന്നെ അഫ്ഗാനിലും പാകിസ്ഥാനിലും ഇറാഖിലും മുസ്ലീം പള്ളികളും മറ്റും ബോംബിട്ടു അനേകം പേരെ കൊന്നപ്പോഴും ഈ മത സ്വാതന്ത്ര്യ ചിന്ത എവിടെയായിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുക്കളും ക്രൈസ്തവരും ആക്രമിക്കപ്പെട്ടപോഴും ഈ മതസ്വാതന്ത്ര്യക്കാര്‍ എവിടെയായിരുന്നു. ഈ ചൈനയിലും പാകിസ്ഥാനിലും അമേരിക്കയിലും നടക്കുന്ന ന്യൂനപക്ഷ പീഡനം ഇന്ത്യയില്‍ നടക്കുന്നില്ല. നമ്മുടെ സര്‍ക്കാരുകള്‍ എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ തലത്തില്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷ സംരക്ഷണം നല്‍കുന്നുണ്ട്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ധൈര്യപൂര്‍വ്വം തള്ളിക്കളയാന്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ ചങ്കൂറ്റം കാണിക്കണം.

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

വന്ദേമാതരം

Sunday, August 9, 2009

പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ (വേണം) വേണ്ട !

"ധര്‍മ്മാര്‍ത്ഥകാമാ: സമ എവസേവ്യാ:
യ ഏക സേവീ സ:നരോ ജഘന്യ: "
ധര്‍മ്മം അര്‍ത്ഥം കാമം ഇവ സമമായി സേവിക്കപ്പെടണം. ഒന്നിനെ മാത്രം സേവിക്കുന്നവന്‍ നിന്ദ്യനെന്നു ഭഗവാന്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ കര്‍മ്മം ചതുര്‍വര്‍ഗ്ഗ ഫല പ്രാപ്തിക്കുള്ള ഒന്നിന്റെ ശുഭാരംഭവും. വിവാഹം സന്തുഷ്ടമാകണമെങ്കില്‍ മനപ്പൊരുത്തം തന്നെയാണ് വേണ്ടതായിട്ടുള്ളത്. എന്നാല്‍ ഈ മനപ്പൊരുത്തം എങ്ങനെ മനസ്സിലാക്കണം. ഒരു തവണയോ പത്തു തവണയോ കണ്ടാല്‍ സംസാരിച്ചാല്‍ അതുണ്ടാവുകയില്ല. എന്നാല്‍ ഒരു പാടുകാലം ഇടപഴകി കല്യാണം കഴിക്കാന്‍ നമ്മുടെ സമൂഹം അംഗീകരിക്കുകയും ഇല്ല. (മേല്‍ പറഞ്ഞതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വായനക്കാര്‍ക്ക് ഉണ്ടാകാം). ഈ അവസരത്തിലാണ് പൊരുത്തം നോക്കുന്നതിന്റെ പ്രസക്തി. എന്നാല്‍ പൊരുത്തം നോക്കിയാല്‍ മാത്രവും പോര.

ഇന്ന് പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ വേണ്ട എന്ന പരസ്യവാചകം പല ഭാഷകളിലും ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ലക്‌ഷ്യം വെച്ചാണ് ഈ പരസ്യങ്ങളുടെ ഒഴുക്ക്. ഇത് നമ്മുടെ ജനങ്ങളുടെ ജ്യോതിഷത്തിലും പൊരുത്തം നോക്കലിലും ഉള്ള വിശ്വാസത്തെ അടിവരയിടുന്നതാണ്. ഹിന്ദുക്കള്‍ മാത്രമല്ല ക്രൈസ്തവരും മുഹമ്മദീയരും ഇന്ന് ജാതകം നോക്കുന്നുണ്ട്. സ്വന്തം കാര്യം വരുമ്പോള്‍ കുറച്ചു ജ്യോതിഷമോ വാസ്തുവോ തെറ്റില്ല എന്നാണു ഓരോരുത്തരുടെയും ചിന്ത. വലതു പക്ഷക്കാര്‍ക്ക് ജ്യോതിഷവും അമ്പലവും അയിത്തമല്ല എന്നാല്‍ ഇവയെ അയിത്തം കല്‍പ്പിച്ച ഇടതു നേതാക്കള്‍ വരെ തങ്ങളുടെ ഭാവി അറിയാന്‍ കണിയാനെ സമീപിച്ചതായാണ് കേട്ടറിവ്.

പൊരുത്തം എന്നാല്‍ റോക്കറ്റ് ശാസ്ത്രമല്ല. വളരെ ലളിതമായ ഒന്നാണ് പൊരുത്തം നോക്കല്‍. എന്നാല്‍ ജ്യോതിഷത്തില്‍ ആഴത്തിലുള്ള അറിവ് യഥാര്‍ത്ഥ വിശകലനവും തെറ്റില്ലാത്ത പ്രവചനവും സാധ്യമാക്കും.
നാം തിരഞ്ഞെടുക്കുന്ന ജ്യോത്സ്യന്‍ ഉത്തമ ജ്യോത്സ്യനല്ലെന്കില്‍ ആണ് പ്രവചനവും പൊരുത്തവും താളം തെറ്റുന്നത്. ഇവിടെയാണ്‌ ജ്യോതിഷത്തെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ ജനം നിവൃത്തിയില്ലാതെ അന്ഗീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം അല്ല കുറ്റക്കാര്‍. തെറ്റായി പ്രാക്ടീസ് ചെയ്യുന്ന ആള്‍ക്കാരാണ്.

ഇന്ന് ഓണ്‍ലൈനില്‍ നിരവധി സൈറ്റുകള്‍ സൌജന്യമായും അല്ലാതെയും പൊരുത്തം നോക്കുന്നുണ്ട്. ഒരളവു വരെ അത് ശരിയുമാണ്. എന്നാല്‍ ജ്ഞാനമുള്ള ഒരു ജ്യോത്സ്യന്‍ ഗണിക്കുന്നത് മാതിരി ശരിയായി കൊള്ളണം എന്നില്ല.

എന്താണ് പൊരുത്തം ?

നക്ഷത്രങ്ങളെ ആധാരമാക്കി പത്തു വിധം പൊരുത്തങ്ങള്‍ ആണ് നോക്കാറുള്ളത്. അതില്‍ തന്നെ രജ്ജു വേധം തുടങ്ങിയ പൊരുത്തങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. ഇത് നമുക്ക് തന്നെ സ്വയം നോക്കാവുന്നതേ ഉള്ളൂ. രണ്ടു പേരുടേയും നക്ഷത്രം അറിഞ്ഞാല്‍ മാതൃഭൂമി പഞ്ചാംഗം നോക്കി മനസ്സിലാക്കാവുന്നതാണ്. ഇത് മാത്രം നോക്കിയാല്‍ മതിയാകില്ല യഥാര്‍ത്ഥ പൊരുത്തം അറിയാന്‍.

പാപസാമ്യം ദശാസന്ധി തുടങ്ങിയവ കൂടി നോക്കിയാലെ യഥാര്‍ത്ഥ പൊരുത്ത നിര്‍ണ്ണയം സാധ്യമാവുകയുള്ളൂ. രണ്ടുപേരുടെയും ജാതകത്തില്‍ ഉള്ള പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണയിക്കുന്നത്. രണ്ടു പേരുടേയും ദശകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറുന്നതിനാണ് ദശാസന്ധി എന്ന് പറയുന്നത്. ഇതെല്ലം ശരിയായി, തമ്മില്‍ കണ്ടു കുടുംബ പശ്ചാത്തലവും നോക്കിയാണ് വിവാഹം നിശ്ചയിക്കേണ്ടത്.

പൊരുത്തം നോക്കാതെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്‌. അതിനര്‍ത്ഥം ജ്യോതിഷം ശരിയല്ല എന്നല്ല മറിച്ച് മനസ്സിന്റെ പൊരുത്തവും ദൈവാധീനവും അവരുടെ ജാതകം പൊരുത്തമുള്ളതാക്കി എന്നാണു.

Movie Rating

Velipadinte Pustam Movie rating