Sunday, December 22, 2013

ദൃശ്യം - ശരി തെറ്റുകൾ ആപേക്ഷികം

തെറ്റും ശരിയും ആപേക്ഷികമാണ്.എനിക്ക് ശരി എന്ന് തോന്നുന്നത് നിങ്ങള്ക്ക് തെറ്റാകാം. ഒരു പിതാവിന് തോന്നിയേക്കാവുന്ന ഒരുപാട് ശരികളുടെ ഫലമാണ് അദ്ദേഹം കാണിച്ച ആ ദൃഡനിശ്ചയം.

തെളിവുകളെ തേടിപ്പോകുന്ന നീതി പീഠങ്ങളുടെ ബലഹീനത മുതലാക്കി സ്വയം രചിച്ച തിരക്കഥയിലൂടെ മുന്നേറുകയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് എന്നാ കഥാപാത്രം. കെട്ടുറപ്പുള്ള തിരക്കഥ പുനരാവിഷ്കാരം ചെയ്തു വിജയിപ്പിച്ച ജോര്‍ജ്, നല്ല തിരക്കഥ ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ എന്ന സന്ദേശം തരുന്നു.

സ്വയം രക്ഷയ്ക്ക് ചെയ്ത ഒരു തെറ്റും ആ തെറ്റിനെ ശരിയാക്കിയ നായകനും സമൂഹത്തില്‍ മറിച്ചു ഒരു മെസ്സേജ് നല്‍കില്ല എന്ന് പ്രതീക്ഷിക്കാം. നീതി പീഠങ്ങളും പോലീസും ഉള്ളിടത്തോളം നീതി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. 

തന്റെ കുടുംബത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച ജോര്‍ജ് അവസാനം വരെ വിജയിച്ചു. അഭിനേതാക്കളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച ജിത്തുവും വിജയിച്ചു
പ്രേക്ഷകമനസ്സുകളില്‍.ജിത്തുവും മോഹന്‍ലാലും മലയാളികള്‍ക്ക് നല്‍കിയ ഒരു "ദൃശ്യ" വിരുന്നാണ് ഈ സിനിമ.

Karuthedam Rating: ****

Thursday, September 5, 2013

രൂപയുടെ രോദനം


ഇന്ത്യയുടെ സ്വപ്നം തകർന്നുവോ
അല്ല രൂപയുടെ മൂല്യം ഇടിഞ്ഞതാണോ?
വാർത്തകൾ പത്രങ്ങൾ 

സോഷ്യൽ മീഡിയകളിൽ
കേൾക്കുന്നു രോദനം രോഷമോടെ!!

 
മാഡവും സിങ്ങും ചിദംബരനും
ചൊല്ലിനാള്‍ 
രൂപയ്ക്കെന്തോ പ്രശ്നമുണ്ട്.

നടത്തി മുറപോലെ പരിശോധന 
വച്ച് കെട്ടി മരുന്ന് നാനാവിധം.

ഫലിച്ചില്ല അവരുടെ മരുന്നും 
മന്ത്രവാദവും

സോളാറില്‍ മുങ്ങിയ നാട്ടിലോ 
ഒഴുകീ പ്രവാസിപ്പണം

ഉള്ളിക്ക് നൂറു കിഴങ്ങിനും നൂറു
പെട്രോളിനുംനൂറു
അയക്കൂ വീണ്ടും പണം
മെയില്‍ അയച്ചു കെട്ടിയോള്‍

രാമന്‍ രഘുരാമന്‍ 
നരോത്തമന്‍ പുരുഷോത്തമന്‍
ഏറ്റെടുത്തു..ആര്‍ ബീ അയ്‌
മൂല്യം വര്‍ധിച്ചു രൂപയുടെ.

ആശിക്കാം ആശ്വസിക്കാം
പ്രാര്‍ഥിക്കാം രൂപേ 
നിനക്ക് വേണ്ടി...






Wednesday, August 14, 2013

ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം.

ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോകുകയാണ്. ആദ്യമായി എല്ലാവര്ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.

വെള്ളക്കാരിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്നത് ശരി തന്നെ. യഥാർത്ഥത്തിൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ?

മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, വിലക്കയറ്റത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, രൂപയുടെ മൂല്യച്ചുതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, അടിച്ചേല്പ്പിക്കുന്ന മതവിശ്വാസങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം, നികുതി അടച്ചും റോഡുകൾ കുഴിയായി യാത്രയോഗ്യമാല്ലാതെ കിടക്കുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം. ഈങ്ങനെ നിരവധി സ്വാതന്ത്ര്യങ്ങൾ ഇല്ലാതെ നമുക്കെ എങ്ങനെ സന്തോഷമായി ജീവിക്കാം. ഇതിനു ഉത്തരവാദി കേരളത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന പാർട്ടിക്കാർ മാത്രമോ? അവരെ തിരഞ്ഞെടുത്ത നമ്മളും ഉത്തരവാദികൾ ആണ്.

ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം.

1. ഞാൻ മാലിന്യങ്ങൾ പുറത്തു വലിച്ചെറിയാതെ സംസ്കരിക്കുകയോ അല്ലെങ്കിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പാത്രങ്ങളിൽ നിനിക്ഷേപിക്കുകയോ ചെയ്യുന്നതോടൊപ്പം അത് നഗരസഭ എടുത്തു വേണ്ടവിധം സംസ്കരിച്ചില്ലെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയും.

2. ഇനി അങ്ങോട്ട്‌ ജാതിയോ മതമോ പാര്ട്ടിയോ നോക്കാതെ നല്ല പൊതു പ്രവർത്തകർക്ക് വോട്ടു നല്കി വിജയിപ്പിക്കും.

3. കപട മതേതരം പറയുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയും. വോട്ടു ബാങ്ക് രാഷ്ട്രീയം തിരിച്ചറിഞ്ഞു സമ്മതിദാന അവകാശം വിനിയോഗിക്കും.

4. പൊതുമുതൽ നശിപ്പിക്കുന്ന ആരെയും അതില്നിന്നു പിന്തിരിപ്പുകയോ അല്ലെങ്കിൽ  പോലീസിൽ വിവരം അറിയിക്കുകയോ ചെയ്യും.

Sunday, February 17, 2013

കഥകളിക്കമ്പം അന്നും ഇന്നും

കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ നടന്നു പോയി കളി കണ്ടിരുന്ന കാലവും എ സി കാറില്‍ പോയി എ സി ഹാളില്‍ ഇരുന്നു കളികാണുന്നതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നിയില്ല. പൂരപറമ്പിലും  അമ്പലമുറ്റത്തും രാത്രികാലങ്ങളില്‍ നടന്നിരുന്ന കളി ഇന്ന് വൈകുന്നേരങ്ങളില്‍ ഒരു കഥയാക്കി ചുരുക്കി അരങ്ങേറുന്നു ( രാത്രി മുഴുവനും ഇപ്പോഴും കഥകളി നടക്കുന്നുണ്ടെന്നത് മറന്നിട്ടല്ല..).

വാഴേങ്കടയും ചെത്തല്ലൂരും ഗുരുവായൂര്‍ ക്ലബ്‌ കളിയും കോട്ടക്കല്‍ കഥകളിയും തുടങ്ങി ധാരാളം കളികള്‍ കണ്ടു നടന്ന കാലവും ഇപ്പോള്‍ വളരെ ദുര്‍ല്ലഭമായി തരാവുന്ന കഥകളിയും എന്റെ കഥകളി പ്രിയം നഷ്ടമാകാതെ നോക്കുന്നു. ഒട്ടേറെ കഥകളി സൂപ്പര്‍സ്റ്റാറുകള്‍ തകര്‍ത്താടിയ കളികളും യുവ സൂപ്പര്‍സ്റ്റാറുകളുടെ ആട്ടവും ഒരു പോലെ ഹൃദ്യവും  ആനന്ദകരവും ആണ്.

ഈയിടെ ചെന്നൈ ഐ ഐ ടി യില്‍ വച്ച് "ഉത്തരീയം" നടത്തിയ കഥകളിയാണ് ഇതെഴുതാന്‍ എനിക്ക് പ്രചോദകമായത്. വളരെയധികം യുവാക്കള്‍ കാണികളായി ഉണ്ടായ ഒരു സദസ്സ്. ഭാഷയും സംസ്കാരവും വ്യത്യാസമായ ഒരു യുവ ജനത കഥകളി സശ്രദ്ധം ഗൌരവത്തോടെ കാണുന്നു. സ്റ്റേജില്‍ ഒരു വശത്ത് പ്രൊജക്റ്റ്‌ ചെയുന്ന കഥകളിയുടെ തല്‍സമയ വിവരണം മുദ്രയും  പദവും മനസ്സിലാകാത്ത കാണികള്‍ക്ക് വളരെ ലളിതമായി കഥകളി ആസ്വദിക്കാനുള്ള ഒരുപാധിയായി.
ഒരു കഥകളി നടത്തുക എന്നത് വളരെ ലളിതമായ ഒരു കാര്യമല്ല. ഒട്ടേറെ മുന്നൊരുക്കങ്ങളും സാമ്പത്തികവും വേണ്ട ഒന്നായ കഥകളി എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തില്‍ അതിന്റെ വിവരണം തത്സമയം കഥകളിയുടെ പരമ്പരാഗതമായ രീതികള്‍ക്ക് തടസ്സം വരുത്താതെ അവതരിപ്പിച്ചതില്‍ ഉത്തരീയം കഥകളി ഗ്രൂപ്പ്‌ പ്രത്യോകം അഭിനന്ദനം അര്‍ഹിക്കുന്നു.


Sunday, January 6, 2013

ബ്രാഹ്മണ്യമുള്ള നായകന്മാര്‍

ദേവന്‍, പൂജ, പൂജാരി, ബ്രാഹ്മണര്‍ തുടങ്ങിയ പദങ്ങള്‍ ഇന്ന് വളരെയേറെ വിലയേറിയതാണ് മുന്‍കാലങ്ങളിലും. സകല ചരാചരങ്ങളുടെയും  സൃഷ്ടി സ്ഥിതി സംഹാരാദികള്‍ ദേവന്മാര്‍ക്ക്  അവകാശപ്പെട്ടതാണ്. ദേവന്മാരെ പൂജിച്ചു സന്തോഷിപ്പിക്കേണ്ടത് നമ്മുടെ കടമയും. കാലാകാലങ്ങളായി ദേവ പൂജ നടത്തിക്കേണ്ട ഉത്തരവാദിത്വം ബ്രാഹ്മണരില്‍ നല്‍കികൊണ്ട് ക്ഷത്രിയ വൈശ്യ ശൂദ്രന്മാര്‍ അവരവരുടെ ജോലികളില്‍ വ്യാപൃതരായി.
പുരാണേതിഹാസങ്ങളില്‍ തുടങ്ങി രാജവാഴ്ച വരെ ബ്രാഹ്മണരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ക്ഷത്രിയര്‍ക്കായിരുന്നു. ബ്രാഹ്മണര്‍ ലോക നന്മയ്ക്കായിക്കൊണ്ട് യാഗാദികള്‍ നടത്തിപ്പോന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പ് വരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇന്ന് കാലം മാറി അതുപോലെ കോലവും.

ക്ഷത്രിയര്‍ക്കു രാജഭരണവും ബ്രാഹ്മണര്‍ക്ക് ക്ഷേത്ത്രാധികാരവും ഇല്ലാതായി. അതിനു പകരം പുതിയ രാഷ്ട്രസംവിധാനങ്ങളും വിദേശീയരുടെ ഭാഷയും സംസ്കാരവും മതവും ഭാരതത്തില്‍ വേരൂന്നി. ഇതെല്ലാം ഭാരതത്തില്‍ നന്മയും തിന്മയും വരുത്തിവച്ചു എന്നതിന് തര്‍ക്കമുണ്ടാവാന്‍ ഇടയില്ല.

 ആരാണ് ബ്രാഹ്മണര്‍. ബ്രാഹ്മണകുലത്തില്‍ ജനിച്ചു ഷോഡശകര്‍മ്മങ്ങള്‍ നടത്തിയാലെ  ഒരാള്‍ യഥാര്‍ത്ഥത്തില്‍ ദ്വിജന്‍ ആകൂ. ബ്രാഹ്മണ കുലത്തില്‍ ജനിച്ചാല്‍ മാത്രമോ  പൂണൂല്‍ മാത്രം ധരിച്ചാലോ  ഒരാള്‍ ബ്രാഹ്മണന്‍ ആകില്ല താനും. എന്നാല്‍ ദേവനെ പൂജിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് താനും ( സഖാക്കള്‍ക്ക് പൂജിക്കാന്‍പാടുമോ എന്ന് അവരുടെ പോളിറ്റ് ബ്യൂറോ തീരുമാനിക്കണം ). നമ്പൂതിരിക്കും നായര്‍ക്കും ഈഴവനും എല്ലാവര്ക്കും ദേവനെ പൂജിക്കാന്‍ ആരുടേയും ഉത്തരവ് ആവശ്യമില്ല താനും.

ഇന്നല്ല പണ്ട് മുതല്‍ തന്നെ എല്ലാ ജാതിക്കാര്‍ക്കും അവരുടെ ദൈവങ്ങളും പൂജാസംവിധാനങ്ങളും ഉണ്ട്. ഇന്ന് എല്ലാ ജാതി മതക്കാര്‍ക്കും അവരുടെ പാര്‍ട്ടിയും സംഘടനകളും നേതാക്കന്മാരും ഉണ്ട്. അവരവരുടെ ദേവാലയങ്ങളില്‍ ആര് പൂജിക്കണം എന്ന് അവര് തന്നെ നിശ്ചയിക്കണം. ബ്രാഹ്മണ്യമുള്ള ബ്രാഹ്മണരെ കണ്ടെത്തി അവരെ പൂജിക്കാന്‍ ഇരുത്തുക എന്ന കര്‍ത്തവ്യം അവര്‍ ചെയ്തുകൊള്ളും.

ലോകം മുഴുവനും അമ്പലങ്ങള്‍ പണിയുന്നതായാണ് ഇപ്പോള്‍ നാം കേട്ടു  കൊണ്ടിരിക്കുന്നത്. അവിടെയെല്ലാം പൂജിക്കാന്‍ ബ്രാഹ്മണര്‍ തികയുമോ എന്ന സംശയവും ഇല്ലാതില്ല. ഒരു ജാതിക്കാര്‍ മാത്രം പണിയുന്ന അമ്പലത്തില്‍ അവരുടെ ജാതിയിലെ പൂജാരിയെ വയ്ക്കാം. എന്നാല്‍ ഇപ്പോള്‍ പ്രശ്നം അതല്ല. എല്ലാ ജാതിക്കാരും ചേര്‍ന്ന് പണിയുന്ന അമ്പലത്തില്‍ ആര് പൂജാരിയാവും?

 ലോക നന്മയ്ക്കായി എല്ലാ ജാതിക്കാരും ചേര്‍ന്ന് പൂജിക്കുന്നതാവും ഉത്തമം. ആദ്യമായി നാം മനസ്സിലാക്കേണ്ടത് പൂജ ഒരു ജോലിയല്ല. ദേവനിലേക്കുള്ള ഒരര്‍പ്പണം ആണ്. ചെയ്യുന്നതും ചെയ്യിക്കുന്നതും ഒരു പോലെ പുണ്യവും. ദക്ഷിണ നല്‍കുക എന്ന പവിത്രമായ സംഗതിയെ കൈക്കൂലി എന്ന നിലവാരത്തിലേക്ക് താഴ്ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഒരു ഭക്തര്‍ക്കും ആകില്ല. കാശിന്റെ അഹങ്കാരത്തില്‍ അമ്പലങ്ങളില്‍ പ്രസിഡണ്ട്‌ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ കയറിയിരിക്കുക എന്ന ലക്ഷ്യമാണ്‌ ഇന്ന് എല്ലാവര്ക്കും. യഥാര്‍ത്ഥ ഭക്തന്മാരെയും പൂജാരിമാരേയും മാറ്റി നിര്‍ത്തി ഒരു കച്ചവട സ്ഥാപനം ആക്കുക എന്നാ ലക്ഷ്യവും.

ഈ സ്ഥിതി മാറി ആത്മാര്‍ഥതയുള്ള ഭക്തന്മാരും പൂജാരിമാരും ചേര്‍ന്ന് ലോകനന്മയ്ക്കായിക്കൊണ്ട്  അമ്പലങ്ങള്‍ സംരക്ഷിക്കണം. യോഗക്ഷേമസഭ പോലുള്ള സംഘടനകള്‍ ജില്ലാതലങ്ങളില്‍ ബ്രാഹ്മണ്യമുള്ള ബ്രാഹ്മണര്‍ക്ക് പൂജാരിയാവാനുള്ള പഠനസൌകര്യവും ഒരുക്കേണ്ടാതാണ്. ഇത് ലോക നന്മയ്ക്കു ഉപകരിയ്ക്കും. അമ്പലവും പൂജയും ബിസിനസ്‌ ആക്കുന്നത് ആരായാലും അത് അവര്‍ക്ക് തന്നെ ദോഷം ചെയ്യും തീര്‍ച്ച... പൂജാരിയായാലും അമ്പലം പ്രസിഡന്റ്‌ ആയാലും ഭക്തര്‍ ആയാലും...

Movie Rating

Velipadinte Pustam Movie rating