Monday, January 4, 2010

പിറന്നാള്‍ സദ്യ

ഇന്നെന്റെ പിറന്നാളാണ്. വൈദേശിക രീതിയിലുള്ള ഡേറ്റ് ഓഫ് ബര്‍ത്ത് പിറന്നാളല്ല. മലയാളം നാള്‍ വച്ച് നോക്കുന്ന പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പതിവുള്ള ക്ഷേത്ര ദര്‍ശനമോ നാക്കിലയില്‍ സദ്യയോ ഒന്നും ഉണ്ടായില്ല.

എന്നാലും ഒരു കുട്ടിക്കാല പിറന്നാള്‍ സദ്യയിലേക്ക്‌ നിങ്ങളെ ഞാന്‍ കൊണ്ട് പോകാം.

ജനിച്ച നാളിനെ കേന്ദ്രീകരിച്ചാണ് കേരള രീതിയിലുള്ള പിറന്നാള്‍. ജനന മാസത്തിലെ മലയാളം നക്ഷത്രം നോക്കി വേണം പിറന്നാള്‍ കണ്ടു പിടിക്കാന്‍. മലയാള മാസത്തില്‍ രണ്ടു പ്രാവശ്യം നാള്‍ വരികയാണെങ്കില്‍ രണ്ടാമത് വരുന്നത് വേണം പിറന്നാളിന് എടുക്കാന്‍.

പിറന്നാള്‍ ദിവസം രാവിലെ എണീറ്റ്‌ കുളിച്ചു ക്ഷേത്ര ദര്‍ശനം കഴിഞ്ഞിട്ടാണ് കുട്ടിക്കാലത്ത് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എല്ലാ വിശേഷ ദിവസങ്ങളില്‍ എന്ന പോലെ പിറന്നാളിന്റെ അന്നും പ്രഭാത ഭക്ഷണം പഴം നുറുക്കും പപ്പടവും തന്നെ ആവും. കേരളത്തില്‍ സുലഭമായി കിട്ടുന്ന ഒന്നാണല്ലോ നേന്ത്രപ്പഴം. ഈ നേന്ത്ര പഴത്തെ കഷണങ്ങായി മുറിച്ചു ശര്‍ക്കര ഇട്ടു ആവിയില്‍ വേവിച്ചെടുക്കുന്ന പഴം നുറുക്കും പപ്പടവും നല്ല സ്വാദാണ്.

പിന്നെ കൂട്ടുകാരോടൊത്ത് കളിച്ചു നടക്കും. പത്തു പതിനൊന്നു മണിയാകുമ്പോഴേക്കും പിറന്നാള്‍ സദ്യയായി . മുന്നില്‍ നില വിലക്ക് കൊളുത്തി അതിനു മുന്‍പില്‍ ഭക്ഷണ പ്രിയനായ ഗണപതിക്ക് എല്ലാം വിളമ്പി നേതിച്ചതിനു ശേഷം പിറന്നാള്‍ കാരന്റെ ഇടതും വലത്തും രണ്ടു പേര്‍ ഇരിക്കും.. ഇലയുടെ ഇടതു ഭാഗത്തായി ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം തുടങ്ങിയ ഉപ്പു രസ പ്രധാനമായതും മധ്യ ഭാഗത്ത്‌ ഓലന്‍ തോരന്‍ എലിശ്ശേരി തുടങ്ങിയവയും വലതു ഭാഗത്ത്‌ ശര്‍ക്കര ഉപ്പേരി തുടങ്ങി മധുര പലഹാരങ്ങളും വിളമ്പും. പിന്നെ ചോറ് വിളമ്പി വലതു ഭാഗത്ത് നെയ്യ് ഉപസ്തരിക്കും. ആദ്യം സാംബാര്‍ കൂട്ടി കഴിച്ചു രസം വിളമ്പും. രസത്തിനു പപ്പടം കൂടാതെ വയ്യ. പിന്നെ പായസത്തിന്റെ വരവാണ്. ഒന്നോ രണ്ടോ തരത്തിലുള്ള പായസം കഴിച്ചു അവസാനം തൈര് കൂട്ടി കഴിച്ചു സദ്യ അവസാനിപ്പിക്കും.

ഇതെല്ലാം കുട്ടിക്കാലത്ത്. വലുതായി ജോലി തുടങ്ങിയാല്‍ അതും വിദേശത്ത് ആണെങ്കില്‍ ഇലയുമുണ്ടാവില്ല ഒരു സദ്യയും ഉണ്ടാവില്ല. നില വിളക്കിനു പകരം വര്‍ണ്ണ നിറത്തിലുള്ള വൈദ്യുത വിളക്കുകളെ സാക്ഷിയാക്കി ബര്‍ഗര്‍ പിസ്സ അങ്ങനെയെന്തെങ്കിലും...

2 comments:

  1. പിറന്നാൾ എന്ന് പറയുമ്പോൽ നാളു തന്നെ
    ആശംസകൽ

    ReplyDelete
  2. പിറന്നാള്‍ ആശംസകള്‍ മാഷെ

    ReplyDelete

Movie Rating

Velipadinte Pustam Movie rating